കടല്‍പ്പെണ്ണ്



പതിവ്പോലെ
ഉപ്പിലിട്ട മത്സ്യങ്ങള്‍
വിറ്റു കൊണ്ടിരിക്കുകയാണ്
കടലെന്ന പെണ്‍കുട്ടി.

സ്വന്തം ആഴത്തേയും
വിശാലതയേയും പറ്റി പറഞ്ഞ്
പരുപരുത്ത വാക്കുകള്‍
പോലുള്ള കല്ലുകളെ
മിനുക്കിയെടുക്കുന്നുണ്ട്
തിരയെന്ന നാവ്.

ഉന്മാദികളുടെ നഗരമവളുടെ
ശരീരം കണ്ട് മയങ്ങുന്നു.
സൂര്യനവളുടെ ശരീരത്തില്‍
അവനെത്തന്നെ നഷ്ടപ്പെടുത്തുന്നു.

പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടി
കടല്‍ക്കരയിലിരുന്ന്
പലവട്ടം പ്രവചിക്കുന്നു:
ആകാശത്തെ മേഘമത്സ്യം
ആഴിയുടെ ആത്മാവാകുന്നു.

പ്രായപൂര്‍ത്തിയാകുന്നതോടെ
അവനൊരു കപ്പിത്താനാകുന്നു
കടല്‍പ്പെണ്ണിന്‍ ശരീരത്തിലൂടെ
വിനോദയാത്ര നടത്തുന്നു.

മേഘമത്സ്യം കരയുന്വോള്‍



കടൽ കരയിലേക്കെറിഞ്ഞ
വിയർപ്പ് ഗന്ധമുള്ള കാറ്റ്
വിട്ട് കിട്ടിയ ശൂന്യതയിലൂടെ
ഇഴഞ്ഞലയുന്നു.
വർഷവാനം വെള്ളപ്പാവാടയഴിച്ചിടുന്വോൾ
കിളിവാതിലിലൂടെ എത്തിനോക്കി,
ഞാൻ നിനക്ക് മുകളിലെന്നപോൽ കിടക്കുന്ന
പുതപ്പിൽ വിയർപ്പ് ഗന്ധം പരത്തുന്നതേ കാറ്റ്.

മറ്റാരുടെയോ സ്വപ്നത്തിൽ
സ്വപ്നം കണ്ടുറങ്ങുന്ന നിന്നെ
സ്വപ്നം കണ്ടുറങ്ങുകയായിരിക്കണം നീയപ്പോൾ.

മുൻകാഴ്ചകളെ തിരുകിക്കയറ്റുന്ന
കണ്ണുകളിലിപ്പോൾ അടഞ്ഞിരിക്കുന്ന
വാതിലുകളെന്റെ ചുണ്ടുകളാണ്.

എന്റെയാ വേനൽക്കാല സ്പർശമുള്ള നോട്ടമില്ലേ
ആ നോട്ടത്തിൽ കരിഞ്ഞിരിക്കുന്നു നിന്റെ കൺതടങ്ങൾ.

വെയിലേറ്റ് കറുത്ത് പോയിരിക്കുന്നു
മുഖമെന്ന് പരിഭവപ്പെട്ട നിന്നോട്
അനേകം വർണച്ചായം കൈവശമുള്ള
വെയിലെന്ന ചിത്രകാര,നെല്ലാ വർണവും
പൂശി തരുന്നതാണീ കറുപ്പെന്ന്
ആശ്വാസപ്പെടുത്തിയിരുന്നു.

മേൽക്കൂരയില്ലാത്ത വീട്ടിലാണ്
നമ്മുടെ ഉറക്കമെന്നോർക്കുന്വോൾ
നിന്റെ മേൽക്കൂരയാകുന്നു ഞാന,പ്പോൾ
എന്റെ നിശ്വാസക്കാറ്റിൽ പാറിക്കളിക്കുന്ന
നിന്റെ മുടിയിഴകളെ പോലെ
നിന്നിൽ വേരൂന്നി സ്വതന്ത്ര്യനാവാൻ മോഹിക്കുന്നു.
ഒഴുകുന്ന മേഘമേൽക്കൂരയ്ക്കിടയിലൂടെ
ചാറ്റൽമഴയും നിലാവും നമ്മെ തേടുന്നു.
ഉറക്കത്തിൽ നിന്ന് നീ മോക്ഷപ്പെടുന്നു.

ഇടിയും മിന്നലുമില്ലാത്തതിനാലാണ്
ചാറ്റൽമഴയെ ഞങ്ങൾക്കേറെയിഷ്ട,മെന്ന്
നാമൊരുമിച്ച് പാടിതുടങ്ങുന്നു...

നിനക്ക് ഞാനുണ്ടെന്ന് ഏറ്റുപറയുന്നു

മാനാഞ്ചിറ സ്ക്വയറിലെ
ഏകാന്തതയെന്ന പെണ്‍കുട്ടീ,
പതിവായുള്ള
വിരസതയ്ക്കും വിരഹത്തിനും
വിരാ‍മമിടാം നമുക്ക്.

വായ തുറക്കുന്വോള്‍
ഛര്‍ദ്ദിക്കുന്ന ബിയറിന്റെ
ചുണ്ടോട് ചുണ്ടുകള്‍ ചേര്‍ത്ത്
കുപ്പിയിലടയ്ക്കപ്പെട്ട തിരയെ
നമ്മുടെയുള്ളിലെ കടലിലേക്ക്
ഇറക്കിവിടാം.

എന്നിട്ട് ഈ വൈകുന്നേരം
വിധവയുടെ വയല്‍ക്കരയിലെ
വീട്ടിലേക്ക് പോകാം.

വിളഞ്ഞ് നില്‍ക്കുന്ന
പാടത്തുള്ളതിനേക്കാള്‍
കൊയ്ത്ത് കഴിഞ്ഞ പാടത്താണ്
കിളികളേറെയെന്ന് മൂളിപ്പാട്ട് പാടുന്ന
നാടന്‍ കാറ്റുകളെ പാട്ടിന് വിട്ട്
വിധവയോടൊപ്പം നമുക്കും പാടാം

മാനത്തേതോ കര്‍ഷകന്‍ വിതറിയ
മഴവിത്തുകള്‍ കൊണ്ട്പോയ പക്ഷിയെ
ഭയന്നൊരു കര്‍ഷകന്‍ മണ്ണില്‍
വിത്തിറക്കാന്‍ മടിക്കുന്നു

ഞാന്‍


സൂര്യന്‍

സൂര്യനാണ് ചന്ദ്രന്റെ
തിളക്കമെന്നറിഞ്ഞിട്ടും
തിങ്കളെ കാട്ടി മാത്രമേ
മാമൂട്ടാറുള്ളൂ നീ കുഞ്ഞിന്,
നമ്മള്‍ പരസ്പരം
പ്രണയിച്ചിട്ടും
നീയവന്റെ സ്വന്തമായത് പോലെ.

ചന്ദ്രന്‍

നീ പറഞ്ഞു:
ഞാന്‍ ചന്ദ്രനെ പോലെ
രാത്രി മാത്രം നിന്നെ
തേടുന്നുവെന്ന്.
പക്ഷെ, നീയറിയുന്നില്ല
പകലും ഞാനുണ്ട്
നിനക്കൊപ്പമെന്ന്.
ആ സൂര്യന്‍
ഇല്ലായിരുന്നെങ്കില്‍..

ബാര്‍ബി


മനുഷ്യനില്‍നിന്ന് മനുഷ്യനെ കണ്ടെത്താനുള്ള
ശ്രമങ്ങളാണ് നാമിപ്പോള്‍ നടത്തുന്നത്.
ആരുടെ മുഖമാണ് നിനക്ക് കൂടുതലായി ചേരുകയെന്ന്
എപ്പോഴും തിരഞ്ഞുകൊണ്ടിരിക്കുന്നു.

എനിക്കിപ്പോള്‍ നിന്റെ മുഖവും
മുലകളുമറിയാം.
ഒന്ന് വലിച്ച് നീട്ടിയാല്‍ പതാകപോലെ തോന്നിപ്പിക്കുന്നതാണ്
നിന്റെ പ്രണയമെന്നും അറിയുന്നുണ്ട്.

വലിയ വീഞ്ഞുപെട്ടികള്‍പോലെ വിശാലമാണ്
നിന്റെ നഗരങ്ങള്‍.
പാവകളെയും
വിചിത്രരൂപികളായ മനുഷ്യരെയും മാത്രമാണ്
അവിടെ കാണുന്നത്.

ഹൃദയങ്ങള്‍ക്ക്
ഒരുമുറിയുടെ അത്രപോലും വലുപ്പമില്ലാത്തതാണ്
നമ്മുടെയൊക്കെ പ്രശ്നം.
തെരുവിലെ പഴക്കച്ചവടക്കാരന്റെ വീടിന്റെത്രപോലുമില്ല
നമ്മുടെ ഹൃദയങ്ങള്‍.
എന്നിട്ടും നമ്മള്‍
ദൂരെ നഗരങ്ങളില്‍നിന്നുള്ള പാട്ടുകാരെ
വിളിച്ചുകൊണ്ടിരുന്നു.
അവര്‍ക്ക് പാര്‍ക്കാന്‍ ചില്ലകള്‍ കൊടുക്കാമെന്നുതന്നെയാണ്
ചിന്തിക്കുന്നത്.

നഗരം നിന്നെ ശ്രവിക്കുന്നതെങ്ങനെയെന്ന്
ഇപ്പോളാണ് തിരിച്ചറിയുന്നത്.
നിന്റെ വഴികള്‍ ഒച്ചുകളുടെയും ഉറുമ്പുകളുടെയും
വഴികളുമായി കൂടിപ്പിണഞ്ഞുക്കിടക്കുന്നു.

ഉടുപ്പണിയുമ്പോള്‍
നീ പൂര്‍ണ്ണമായും വേറൊരാളായി മാറുന്നു.
ഇത്രനേരം എന്റേതായിരുന്ന
നഗ്നത വേറെ ആരുടെയോ ആയിമാറുന്നത്
ഞാനറിയുന്നുണ്ട്.
ലൈലാക്ക് നിറമുള്ള ഉള്‍വസ്ത്രങ്ങളില്‍
നിന്നെ തിരിച്ചറിയാന്‍ സാധിക്കുന്നുണ്ട്.

(ഉടുപ്പിനെക്കുറിച്ചും ശരീരത്തെക്കുറിച്ചുമുള്ള നിന്റെ ഓര്‍മ്മകളില്‍നിന്നാണ് അതിര്‍ത്തിയിലെ കാവല്‍ക്കാര്‍ക്കുള്ള കഥകള്‍ മെനഞ്ഞെടുത്തത്. നിന്റെ ഉടുപ്പിന്റെ അതിരുകളില്‍ ഒരിക്കലും ഞാനുണ്ടായിരുന്നില്ല. എന്നാല്‍ കഥകളില്‍ ഞാന്‍ നിന്റെ ഉടുപ്പായി മാറുന്നു.)

ശരീരം തേഞ്ഞുതീരുമെന്ന പേടിയിലാണ്
നാം ആലിംഗനം ചെയ്യാതെ മാറിയിരിക്കുന്നത്.
അതിനിടയിലും മന്ത്രവാദിനികളുടെ മണംനിറഞ്ഞ
ഭൂമിയില്‍നിന്ന് ഒളിച്ചോടാനുള്ള ശ്രമങ്ങള്‍
നാം നടത്തുന്നു.

തുരുമ്പിച്ച ആണികളുടെയും
പഴകിയ കുപ്പായങ്ങളുടെയും ഗന്ധമാണ്
നിന്റെ നഗരത്തിന്.
അവിടെ രണ്ട് തീവണ്ടികള്‍ക്കിടയില്‍
കണ്ടുമുട്ടുമെന്ന് നമ്മള്‍ പ്രതീക്ഷിച്ചിരുന്നു.

ഞാന്‍ നടത്തിയ ഏറ്റവും ദീര്‍ഘമായ യാത്ര
നിന്റെ ചുണ്ടുകളിലേക്കും
ദൂരെനിന്ന് നോക്കുമ്പോള്‍ ഗോപുരങ്ങള്‍പോലെ തോന്നിപ്പിക്കുന്ന
തുടകളിലേക്കുമുള്ളതായിരുന്നു.

ചുംബിക്കുമ്പോള്‍ കൈമാറിയിരുന്ന
അജ്ഞാതമായ ഭാഷയില്‍ തന്നെയാണ്
നാം പ്രണയിക്കുന്നത്.
തെരുവില്‍ നമ്മുടെ ഭാഷ മുഴങ്ങിക്കേള്‍ക്കുന്നത്
നാമറിയുന്നുണ്ട്.

(ഗൂഗിള്‍ സ്റാറ്റസ്- നാവില്‍ ചെറിപ്പഴങ്ങളുടെ രുചിയാണിപ്പോഴും...)

നാവില്‍ ചെറിപ്പഴങ്ങളുടെ രുചിയാണിപ്പോഴും.
നമ്മുക്കിടയില്‍ ചെറിമരങ്ങള്‍ നട്ടുപിടിപ്പിച്ചതാരാണെന്നറിയില്ല.
എത്ര ചുംബിച്ചിട്ടും
ചെറിപ്പഴങ്ങളുടെ രുചി നാവില്‍നിന്ന് പോകുന്നില്ല.

രണ്ട് ദിശയിലേക്ക് നടത്തിയ ദീര്‍ഘയാത്രയുടെ ക്ഷീണമാണ്
നമ്മെ ഒന്നിപ്പിച്ചത്.
നീ അന്വോഷിച്ചുകൊണ്ടിരുന്നതുതന്നെയാണ്
ഞാനും അന്വേഷിച്ചിരുന്നത്.
അതുകൊണ്ടുതന്നെയാവണം
ആ തെരുവില്‍വെച്ച് നാം കണ്ടുമുട്ടിയത്.

എനിക്ക് വഴങ്ങിത്തരാത്ത
നിന്റെ രാത്രികളെക്കുറിച്ച് മാത്രമാണ് ചിലസമയങ്ങളില്‍
ഓര്‍ക്കുന്നത്.

(ഗൂഗിള്‍ സ്റാറ്റസ്- നെരൂദ ചിലിയോട് ചെയ്തത് എനിക്ക് നീയുമായി ചെയ്യണം...)

രണ്ട്

മനുഷ്യരില്‍നിന്നും പാവക്കുട്ടികളെ കണ്ടെത്താനുള്ള
ശ്രമങ്ങള്‍ ഇപ്പോഴും നാം ഉപേക്ഷിച്ചിട്ടില്ല.
ആദ്യം മനുഷ്യനെ കണ്ടെത്തുന്നത് നീയാണെങ്കില്‍
എന്നില്‍നിന്നുള്ള മോചനമാണ് നിനക്കുള്ള സമ്മാനം.
ആദ്യം മനുഷ്യനെ കണ്ടെത്തുന്നത് ഞാനാണെങ്കില്‍
ഇനിയുള്ള നിന്റെ ജന്മങ്ങളാണ് സമ്മാനമായി വേണ്ടത്.

നഗരത്തിലെ നിന്റെ വേഗമാണ്
ഇപ്പോളോര്‍ക്കുന്നത്.
തെരുവില്‍നിന്ന് തെരുവിലേക്കുള്ള
നിന്റെ വേഗങ്ങള്‍ സര്‍ക്കസ് കൂടാരങ്ങളെ
ഓര്‍മ്മിപ്പിച്ചുകൊണ്ടിരുന്നു.
നീ പൂക്കാരിയുടെ ചിത്രമെടുക്കുമ്പോള്‍
ഒരു പൂവിനെ ഞാനടുത്തുകാണുകയായിരുന്നു.
ചേര്‍ന്ന് നടക്കുമ്പോള്‍
തൊട്ടുമുമ്പില്‍ ചേര്‍ന്ന് നടക്കുന്ന രണ്ടുപേര്‍ മാത്രമായിരുന്നു
മനസില്‍.

മൂന്ന്

മന്ത്രവാദിനിയാകാന്‍ പുറപ്പെട്ടുപോയതാണ്
നിന്റെ ജീവിതമെന്ന് അറിയുന്നുണ്ട്.
എന്നാല്‍ ജീവിതത്തെ അളന്നെടുക്കാന്‍
നിന്റെ പക്കലുണ്ടായിരുന്നത് അണിയം തകര്‍ന്നുപോയ
കപ്പലുകള്‍ മാത്രമായിരുന്നു.

ഏത് യാത്രികനും പകച്ചുപോകുന്ന
സമയങ്ങളിലാണ് നിന്റെ യാത്ര തുടങ്ങുന്നത്.
ആ സമയങ്ങളില്‍ മാത്രമാണ് നീയൊരു യാത്രികനാണെന്ന്
ഞാന്‍ തിരിച്ചറിഞ്ഞിട്ടുള്ളതും.

പ്രണയത്തിന്റെയും വീഞ്ഞുപെട്ടികളുടെയും
സമാഹാരവുമായി കടല്‍ കടക്കുകയാണ്
നമ്മള്‍.
ഭ്രാന്തിന്റെ നേര്‍ത്ത ആവരണത്താല്‍ നമ്മുടെ ജീവിതം
കൂടിപ്പിണഞ്ഞ് കിടക്കുന്നു.
അതുകൊണ്ടാവണം ചിലസമയങ്ങളില്‍ നമ്മള്‍ യക്ഷിക്കഥകളിലെ
കഥാപാത്രങ്ങളെപ്പോലെ പെരുമാറുന്നത്.

രൂപമില്ലാതാകുന്ന
നദിയെക്കുറിച്ചുള്ള ചിന്തകള്‍ തുടങ്ങുന്നത്
നമ്മുടെ യാത്രകള്‍ക്കിടയിലാണ്.
നദിക്കരയിലിരുന്ന് മുഖംമിനുക്കുന്നത്
മരങ്ങളാണെന്നും
പുറത്താക്കപ്പെട്ട കന്യാസ്ത്രീകളാണെന്നും
നമ്മള്‍ തര്‍ക്കിച്ചുകൊണ്ടിയിരിക്കുന്നു.

ഇപ്പോള്‍ പുറത്താക്കപ്പെട്ട കന്യാസ്ത്രീകളുമായാണ്
നമ്മള്‍ യാത്ര ചെയ്യുന്നത്.
അവര്‍ വീഞ്ഞിനെയും അപ്പത്തേയുംക്കുറിച്ച് വാതോരാതെ
സംസാരിക്കുന്നു.
ഉപവാസങ്ങള്‍ക്കൊണ്ടൊന്നും മെഴുകുതിരികള്‍ ലിംഗമായി
രൂപംമാറില്ലെന്ന് അവര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്.

നാല്

ഉമ്മകള്‍കൊണ്ട് തീര്‍ത്ത കൊട്ടാരങ്ങളെക്കുറിച്ചും
ആടിയുലയുന്ന മരങ്ങളുടെ ഉദ്യാനങ്ങളെക്കുറിച്ചുമാണ്
നമ്മള്‍ സംസാരിക്കുന്നത്.
ഒരിക്കലും പൂക്കാത്ത മരങ്ങളുടെ ഉദ്യാനമെന്ന
പേരാണ് നമ്മുടെ സന്ധ്യകള്‍ക്ക് ചേരുകയെന്ന് നീ പറയുന്നു.

പൂക്കള്‍ നിറഞ്ഞ തെരുവിലൂടെയുള്ള
സൈക്കിള്‍ സവാരിയെക്കുറിച്ചും
ഫതിക് അകിന്റെ സിനിമകളിലെ പെണ്ണുങ്ങളെക്കുറിച്ചും
നമ്മള്‍ സംസാരിക്കുന്നു.
ഞരമ്പ് മുറിക്കുന്നതിന് തൊട്ടുമുന്‍പ് ഹെഡ് ഓണിലെ
നായിക പറഞ്ഞതെന്താണെന്ന് നീയെനിക്ക് പറഞ്ഞുതരുന്നു.

(ചുംബനം
ജിന്‍
ബാബാ സുല-ഇതിലാരാണ് നമ്മളെ ആദ്യം കീഴടക്കിയത്.)

തെരുവിനപ്പുറം ജ്വലിക്കുന്ന കുതിരകളുടെ വീടുണ്ട്.
അവിടെ നിന്ന് നോക്കുമ്പോള്‍ കാണാനാകുന്ന
മുന്തിരിത്തോട്ടമാണ് നമ്മുടെ
ജീവിതത്തെ മാറ്റിമറിക്കാന്‍ പോകുന്നത്.

അഞ്ച്

പാവകളുടെയും
ഒരിക്കലും വിളഞ്ഞുപഴുക്കാത്ത മുന്തിരികളുടെയും നഗരമാണ് നിന്റേതെന്ന്
നീ പറയുന്നു.
അവിടെ വിളക്കുകാലുകള്‍ക്കു താഴെ നാം ആലിംഗനം
ചെയ്തുനില്‍ക്കുന്നത് എല്ലാവരും കണ്ടതാണ്.
എന്നിട്ടും മുന്തിരികള്‍ വിളഞ്ഞുപാകമാകുന്നില്ല.

ആറ്

കൂട്ടത്തിലുള്ളയാള്‍ ഇറങ്ങിപ്പോകുമ്പോള്‍
മാത്രം തുടങ്ങുന്ന ഒന്നായി എന്റെ യാത്ര മാറിയിരിക്കുന്നു.
മെഴുകുതിരിയണയുമ്പോള്‍ തെറ്റിക്കയറുന്ന മുറിപോലെ
ആ യാത്ര എന്നെ ഭയപ്പെടുത്തുന്നുണ്ട്.

ചെമ്മരിയാടുകള്‍ പൂത്തുനില്‍ക്കുന്ന
ഉദ്യാനങ്ങളാണ് ഞാനിപ്പോള്‍ ലക്ഷ്യം വെയ്ക്കുന്നത്.

ചിതല്‍


പെണ്ണെ
നിന്നെ തലേവെച്ചാ
പേനരിക്കുമെന്നാറിയാമായിരുന്നു
താഴത്ത് വെച്ചാ
ഉറുന്വരിക്കുമെന്നും
അതുകൊണ്ടാ
ഹൃദയത്തില്‍ വെച്ചത്
പക്ഷെ,
ചെതലരിക്കുമെന്ന് ഓര്‍ത്തില്ല.